ഭൂമിയും ചന്ദ്രനും ചെറുപ്പം മുതലെ നല്ല ചങ്ങാതിമാരായിരുന്നു, കുറേ കളികളും ആട്ടവും പാട്ടുമൊക്കെയായി അവർ ബാല്യകാലം ആഘോഷിച്ചു. കാലത്തിൻറെ സഞ്ചാരം അതിവേഗത്തിലായിരുന്നു...
ബാല്യത്തിന്റെ കുസൃതിയിൽ നിന്നും അവർ കൗമാരത്തിലേക്ക് ചുവടു വെച്ചു..അവർ പോലും അറിയാതെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി ...അവരുടെ ഓരോ അണുവിലും പ്രണയം ഗാഢമായി അലിഞ്ഞു ചേർന്നു..കാറ്റും മേഘവും എല്ലാം അവരുടെ പ്രണയത്തെ ആശിർവദിച്ചു...
കാലം പിന്നെയും കടന്നു പോയി...പ്രായപൂർത്തിയായ ഭൂമിക്കു തല മൂത്ത കാരണവന്മാർ വിവാഹലോചന തുടങ്ങി..
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ അവർ ഒടുവിൽ കാരണവന്മാരുടെ അടുക്കൽ തങ്ങളുടെ പ്രണയത്തെ കുറിച്ച അവതരിപ്പിച്ചു.
ഉന്നതകുല ജാതയായ ഭൂമിയെ ചന്ദ്രന് കൊടുക്കില്ലെന്ന് അവർ തറപ്പിച്ചു പറഞ്ഞു.കുലമഹിമ കൊണ്ട് അന്ധരായ അവർ ഒരു ഗ്രഹമായ ഭൂമിയെ വെറുമൊരു ഉപഗ്രഹം മാത്രമായ ചന്ദ്രൻ ആഗ്രഹിച്ചത് തന്നെ തെറ്റെന്നു വിധിയെഴുതുകയും ചന്ദ്രനെ ഭ്രഷ്ട്ട് കല്പിക്കുകയും ചെയ്തു..ഭൂമി വീട്ടു തടങ്കലിലും.....
വിരഹിനിയായ ഭൂമി തന്റെ ജീവിതം ചന്ദ്രന് സമർപ്പിച്ച് ഇന്നും ഏകാകിയായി ജീവിക്കുന്നു, എത്ര അകലെയാണെങ്കിലും, എന്നും രാത്രിയാവുമ്പോൾ , ചന്ദ്രൻ വരും... തന്റെ പ്രിയ സഖിയെ ഒരുനോക്ക് കാണാൻ..ദൂരെ മാറി നിന്നാണെങ്കിലും.....
